2012 മേയ് 11, വെള്ളിയാഴ്‌ച

ഹാപ്പി നേഴ്സസ് ഡേ.....!!!

രക്തച്ചൊരിച്ചിലില്ലാതെ ലോകചരിത്രത്തിൽ ഒരു വിപ്ലവവും വിജയിച്ചിട്ടില്ല എന്ന് എഴുതി വച്ച ഹിസ്റ്ററി പുസ്തകത്തിന്റെ പേജ് നമ്പർ ഓർമ്മയില്ല....
യൌവ്വനത്തിളപ്പിൽ വടിവാൾ മുനയിൽ നിന്നും ഇറ്റു വീണ ഒരു തുള്ളി ചോര കണ്ട് തരിച്ചു നിന്നിട്ടുണ്ട്..
ഇന്നലെ ഒരു സർജിക്കൽ ബ്ലേഡിന്റെ തുഞ്ചത്ത് ചോരക്കറ കണ്ടപ്പൊ വിപ്ലവം ഓർമ്മ വന്നു....
പ്രൊഫഷണൽ എത്തിക്സിന്റെ വിർച്വൽ മതിൽക്കെട്ടിനുള്ളിൽ നിന്ന് ചിന്തിച്ചപ്പോൾ വിപ്ലവത്തിന്റെ ഡെഫനിഷൻ മറന്നുപോയി....
ഇന്നു ഞാൻ ദുഷിച്ച രക്തം മണക്കുന്ന പകലുകളെ
പ്രണയിച്ചു തുടങ്ങിയിരിക്കുന്നു...
ജനിമ്രിതികളുടെ മുദ്രപ്പത്രങ്ങളിൽ സാക്ഷിയുടെ ഒപ്പിടുമ്പോൾ ഓജോ ബോർഡിന്റെ സഹായമില്ലാതെ
ആത്മാക്കളുമായി സംവദിക്കാൻ എനിക്കാവുന്നുണ്ട്...

ഞാനൊരു വിപ്ലവകാരിയല്ല.....
നെറികേടുകളുടെ ഈ ലോകത്ത്
മുഖത്ത് പുഞ്ചിരി വിരിയിച്ച്
ലക്ഷങ്ങൾ കൊയ്യുന്ന
പതിനായിരങ്ങളിൽ ഒരുവൻ മാത്രം....

ഹാപ്പി നേഴ്സസ് ഡേ.....!!!

ഒരു കവി ജനിക്കുന്നു....

മനസ്സ് കലുഷിതമാണ്...
മുഖം പ്രസന്നവും....
ലഹരി തേടിയുള്ള യാത്രകൾക്കിടയിൽ
നെഞ്ചിനുള്ളിൽ ഇരട്ട പെറ്റുകിടന്ന ആ കാൽ‌പ്പനിക കവിയെ ഞാൻ കണ്ടില്ലെന്നു നടിച്ചു..
അവഗണനകൾക്കൊടുവിൽ ഒരു ഇന്നോവക്കാറിൽ വന്ന രണ്ട്പേർ ആ കവിയെ വെട്ടിക്കൊലപ്പെടുത്തി....
പീലാത്തോസിന്റെ വിധി വാചകം കൂസാതെ
അവൻ മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതിന്
ഞാനെന്തു പിഴച്ചു?