2014 ജൂൺ 3, ചൊവ്വാഴ്ച

ശൂന്യം ...!!!

സ്വാർഥം സകലം ...!
സ്നേഹം വിരളം ...!
സർവ്വം  മലിനം ...!
ഭരണം പതനം ..!
ചിന്ത  കിരാതം ...!
പ്രേമം കപടം ...!
നന്മ  വിദൂരം...!
മോഹം ദൈന്യം...!
വനം  വിജനം ..!
പകരം ശൂന്യം ...!!!
ശൂന്യത മാത്രം സമൃദ്ധം ..!!!

2013 ഏപ്രിൽ 13, ശനിയാഴ്‌ച

ഒരു ദേശത്തിന്റെ കഥ ...!!!


അക്കാലത്ത് പൂത്തോട്ട വെറും ഗ്രാമമോ കുഗ്രാമമോ ഒക്കെ ആയിരുന്നു .
ആ പൂത്തു നിൽക്കുന്ന വാകമരച്ചോട്ടിൽ ഒരു ചാരായഷാപ്പുണ്ടായിരുന്നു . തൊട്ടരുകിൽ പുഴുങ്ങിയ താറാമുട്ട കിട്ടുന്ന  ഒരു തട്ടുകടയും,
അപ്പച്ചൻ ചേട്ടന്റെ ചായക്കടയും  ഉണ്ടായിരുന്നു .  
പൂത്തോട്ട -വൈക്കം റൂട്ടിൽ ഒരു KRO 615 നമ്പറുള്ള
വിർജിൻ മേരി എന്നൊരു ബസുണ്ടായിരുന്നു .
 പിന്നെ കഥ പറയുന്ന ഒരു കായലും
തെങ്ങും കുറ്റികൾ നാട്ടിയ ഒരു കടവും കടത്തുവള്ളങ്ങളും ,
ചൂണ്ടയിട്ടും ചെള്ള കുത്തിയും ജീവിച്ചു പോന്ന
കുറെ നല്ല മനുഷ്യരുമുണ്ടായിരുന്നു .
ഇവിടെ വിഷു ഉണ്ടായിരുന്നു ഇവിടെ ഓണം ഉണ്ടായിരുന്നു ..
ക്രിസ്മസും റംസാനുമൊക്കെ ഉണ്ടായിരുന്നു .

ഇന്ന് പൂത്തോട്ട , ''പൂത്തോട്ട സിറ്റി'' ആയി .
ലോ ഫ്ലോർ ബസുകൾ വന്നു .ടിപ്പറുകൾ വന്നു .
കോണ്ക്രീറ്റ് ചെയ്ത ബോട്ട് ജെട്ടി വന്നു 
രണ്ടു നിലകളുള്ള ബിവറേജ് വന്നു. സൂപ്പര് മാർക്കറ്റുകൾ വന്നു.
  ഇംഗ്ലീഷ് മീഡിയം സ്കൂൾ വന്നു.
മൊബൈല് വന്നു,ഇന്റർനെറ്റ്‌  വന്നു.,
 ഷവർമയും ബർഗറും ഒക്കെ  വന്നു.
 എക്കൽ വാരി കഞ്ഞി കുടിച്ചിരുന്നവർ
 മണൽ വാരി മദ്യം കുടിക്കാനും  തുടങ്ങി .
ഇന്നിവിടെ ഓണവും വിഷുവും പെരുന്നാളുകളുമൊക്കെ
 ബിവറേജ് ക്യൂവിൽ ആഘോഷിക്കപ്പെടുന്നുണ്ട് .
സിവിലൈസേഷന്റെ  പേരിൽ മരങ്ങൾ  വെട്ടി
കൊട്ടാരങ്ങൾ കെട്ടിപ്പൊക്കിയപ്പോൾ
ഒരു ഗ്രാമത്തിന് നഷ്ട്ടപ്പെട്ടത്‌ സ്വന്തം സംസ്കാരവും അത് കാത്തു സൂക്ഷിക്കേണ്ട കുറെ നല്ല മനുഷ്യരേയുമായിരുന്നു . .

2013 മാർച്ച് 29, വെള്ളിയാഴ്‌ച

അറുപത് വെള്ളിക്കാശുകൾ ...!!!

ഇന്നലെ ഫ്ലാറ്റിനുള്ളിൽ പെസഹ അപ്പം മുറിച്ചപ്പോ
പുറത്ത് അമേരിക്കൻ ക്യാമ്പിൽ നിന്നും വാങ്ങേണ്ട
'ശിവാസ് റീഗലിന്റെ' ഷെയറിന്റെ രോദനം കേട്ടു ..
'നീ പത്ത് അവൻ പത്ത് ഞാനും പത്ത് '...!!
മൊത്തം 'മുപ്പതു' ദിനാർ ....!!!
ദുഖ വെള്ളിയിലും പള്ളിയിൽ പോയില്ല ഞാൻ....!!
മുരടിച്ച വെള്ളിയാഴ്ചയിൽ മുഖം മൂടിക്കിടന്ന്
കയ്യിൽ കിട്ടിയ തീപ്പെട്ടിക്കോല് കൊണ്ട്
മുപ്പതു ദിനാറിൽ നിന്ന് മുപ്പതു വെള്ളിക്കാശിലേക്കുള്ള
ദൂരം അളക്കുകയായിരുന്നു ഞാൻ....!!!
എനിക്കിന്നലെ ദുഃഖ വ്യാഴമായിരുന്നു.....
ഇന്ന് പെസഹാ വെള്ളിയും ... !!!
മൂന്നു നാളുകൾക്കപ്പുറം ഞാനുയിർക്കുമ്പോൾ
ഇനിയും ഷെയർ ചോദിച്ച് ആരും ഇത് വഴി വരരുത് ...
എന്റെ പാനപാത്രം ഞാൻ എന്നേ ഉടച്ചുകഴിഞ്ഞു ... !!
കുരിശു ചുമന്നവനെ മാപ്പ് ......!!!!!

2012 മേയ് 11, വെള്ളിയാഴ്‌ച

ഹാപ്പി നേഴ്സസ് ഡേ.....!!!

രക്തച്ചൊരിച്ചിലില്ലാതെ ലോകചരിത്രത്തിൽ ഒരു വിപ്ലവവും വിജയിച്ചിട്ടില്ല എന്ന് എഴുതി വച്ച ഹിസ്റ്ററി പുസ്തകത്തിന്റെ പേജ് നമ്പർ ഓർമ്മയില്ല....
യൌവ്വനത്തിളപ്പിൽ വടിവാൾ മുനയിൽ നിന്നും ഇറ്റു വീണ ഒരു തുള്ളി ചോര കണ്ട് തരിച്ചു നിന്നിട്ടുണ്ട്..
ഇന്നലെ ഒരു സർജിക്കൽ ബ്ലേഡിന്റെ തുഞ്ചത്ത് ചോരക്കറ കണ്ടപ്പൊ വിപ്ലവം ഓർമ്മ വന്നു....
പ്രൊഫഷണൽ എത്തിക്സിന്റെ വിർച്വൽ മതിൽക്കെട്ടിനുള്ളിൽ നിന്ന് ചിന്തിച്ചപ്പോൾ വിപ്ലവത്തിന്റെ ഡെഫനിഷൻ മറന്നുപോയി....
ഇന്നു ഞാൻ ദുഷിച്ച രക്തം മണക്കുന്ന പകലുകളെ
പ്രണയിച്ചു തുടങ്ങിയിരിക്കുന്നു...
ജനിമ്രിതികളുടെ മുദ്രപ്പത്രങ്ങളിൽ സാക്ഷിയുടെ ഒപ്പിടുമ്പോൾ ഓജോ ബോർഡിന്റെ സഹായമില്ലാതെ
ആത്മാക്കളുമായി സംവദിക്കാൻ എനിക്കാവുന്നുണ്ട്...

ഞാനൊരു വിപ്ലവകാരിയല്ല.....
നെറികേടുകളുടെ ഈ ലോകത്ത്
മുഖത്ത് പുഞ്ചിരി വിരിയിച്ച്
ലക്ഷങ്ങൾ കൊയ്യുന്ന
പതിനായിരങ്ങളിൽ ഒരുവൻ മാത്രം....

ഹാപ്പി നേഴ്സസ് ഡേ.....!!!

ഒരു കവി ജനിക്കുന്നു....

മനസ്സ് കലുഷിതമാണ്...
മുഖം പ്രസന്നവും....
ലഹരി തേടിയുള്ള യാത്രകൾക്കിടയിൽ
നെഞ്ചിനുള്ളിൽ ഇരട്ട പെറ്റുകിടന്ന ആ കാൽ‌പ്പനിക കവിയെ ഞാൻ കണ്ടില്ലെന്നു നടിച്ചു..
അവഗണനകൾക്കൊടുവിൽ ഒരു ഇന്നോവക്കാറിൽ വന്ന രണ്ട്പേർ ആ കവിയെ വെട്ടിക്കൊലപ്പെടുത്തി....
പീലാത്തോസിന്റെ വിധി വാചകം കൂസാതെ
അവൻ മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതിന്
ഞാനെന്തു പിഴച്ചു?